I know how to differentiate between excellence and perfection
Excellence, i can reach for
Perfection is gods business

Thursday, November 11, 2010

A wonderful email

I got this in my mailbox today. Tried to forward it to a couple of friends of mine but as the size of the mail was more than 50kb, the mail server denied me permission to do so. Hence am sharing it on the blog.
This is not my creation, i am copying it. But i feel that this is worth sharing :)

ഒരു സോഫ്റ്റ്‌വെയര്‍ യക്ഷി
"മിസ്റ്റര്‍ ഡീജെ, താന്‍ എന്തുവാ ഈ പാറപ്പുറത്ത് ഓന്ത് ഇരിക്കുന്ന പോലെ മോണിട്ടര്‍ നോക്കി ഇരിക്കുന്നത്? 3 ദിവസം ആയല്ലോ ഡീബഗ് ചെയ്യാന്‍ തുടങ്ങിയിട്ട്? ഇത് വരെ തീര്‍ന്നില്ലേ?" എന്റെ മൊയലാളിയുടെ സ്വരത്തില്‍ അമര്‍ഷവും ദേഷ്യവും തുളുമ്പി നില്‍ക്കുന്നു.
'ഞാന്‍ ഇത് തിന്നുവല്ല..'
"എന്താ?"
'അല്ല സാറേ ഇതൊക്കെ എന്റെ തലയില്‍ കെട്ടി വെക്കുന്നതെന്തിനാ? കോഡ് എഴുതിയ ആ പെണ്ണിനോട് പറഞ്ഞൂടെ ഡീബഗ് ചെയ്യാന്‍?'
"അവള്‍ ഇപ്പൊ വേറെ പ്രൊജെക്റ്റില്‍ അല്ലെ? ഇത് നീ തന്നെ തീര്‍ക്കണം."
'തീര്‍ത്തിട്ട് എന്ത് ഗുണം. "നിങ്ങളില്‍ ആര്‍ക്കാ നല്ലോണം ഷൂ പോളിഷ് ചെയ്യാന്‍ അറിയാവുന്നേ?" എന്നും പറഞ്ഞു പിന്നേം വരുമല്ലോ...എന്ത് മിണ്ടിയാലും ഇല്ലേലും പണി നമ്മുടെ തലയില്‍ തന്നെ കെട്ടി വെക്കുകയും ചെയ്യും.'
"വല്ലതും പറഞ്ഞോ?"
'അല്ല ഈ മെമ്മറി ലീക്ക് ചെയ്യുന്നതാണ് പ്രശ്നം എന്ന് പറയുവായിരുന്നു. ലീക്ക് ഫിക്സ് ചെയ്യാന്‍ നോക്കുമ്പോള്‍, കോഡ് കംപയില്‍ ചെയ്യുന്നില്ല. കംപയില്‍ ചെയ്യാന്‍ നോക്കുമ്പോള്‍ ലീക്ക് പിന്നേം വരുന്നു. രണ്ടും കൂടി ഫിക്സ് ചെയ്യാന്‍ ആധുനിക സോഫ്റ്റ്‌വെയര്‍ എന്ജിനിയരിങ്ങിനു കഴിവുണ്ടോ എന്നറിയില്ല സാര്‍. രണ്ടില്‍ ഒരാളെ നമുക്ക് ചിലപ്പോള്‍ എന്നെന്നേക്കുമായി നഷ്ട്ടപ്പെട്ടു എന്ന് വരാം. അല്ലെങ്കില്‍ എന്തെങ്കിലും മിറക്കിള്‍ സംഭവിക്കണം.'
"ഇയാള്‍ എന്തൊക്കെയാ ഈ പിച്ചും പേയും പറയുന്നേ? താന്‍ സണ്ണിയെ കാണിച്ചോ കോഡ്?"
'ഇല്ല. എനിക്ക് അങ്ങനെ ഉള്ള പരിഷ്കാരികളെ വല്ല്യ വിശ്വാസം ഇല്ല. ഞാന്‍ തിരുമേനിയെ അറിയിച്ചിട്ടുണ്ട്. അദ്ദേഹം ഏതു നിമിഷവും ഇങ്ങു എത്തും.'
"തിരുമേനിയോ? ആരാ അത്?"
'വേറെ ആരാ? സാക്ഷാല്‍ ബ്രഹ്മദത്തന്‍ നമ്പൂതിരി.'
പറഞ്ഞു തീര്‍ന്നില്ല...ഒരു വെളുത്ത അമ്പാസ്സിടര്‍ കാറില്‍ തിരുമേനി എത്തി.
'നമസ്കാരം തിരുമേനി..'
"നമസ്കാരം...നമുക്ക് വടക്ക് ഭാഗത്ത്‌ ഉള്ള ഏതേലും കോണ്‍ഫറന്‍സ് റൂമില്‍ ഇരുന്നു സംസാരിക്കാം. കുടുംബക്ഷേത്രത്തിലെ റിലീസ്‌ ഒക്കെ എത്രത്തോളം ആയി?"
'ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല...വെളുത്ത വാവിന്റെ അന്ന് ഒരു ബഗ് ഫിക്സ് റിലീസും ഉണ്ടായിരുന്നു'
"കൊടുത്തു വിട്ട ചാര്‍ട്ട് പ്രകാരം ഉള്ള ടെസ്റ്റിംഗ് ഒക്കെ?"
'അതും നടക്കുന്നുണ്ട്'
"ഭാഗ്യായി...നിങ്ങളുടെ കോഡിന്റെ കാര്യം ഞാന്‍ പ്രശ്നം വെച്ച് വിശദമായി ഒന്ന് നോക്കുക ഉണ്ടായി. ജാവ അല്ലെ നക്ഷത്രം?..കോടിന് ഇപ്പോള്‍ ദശാസന്ധിയാ...അപ്പോള്‍ റിലീസ്‌ ഷെഡ്യൂളില്‍ ലേശം ഡിലേ ഒക്കെ സ്വാഭാവികം. പക്ഷെ അഷ്ട്ട മംഗല്യത്തിനു പ്രോജെക്റ്റിന്റെ കാര്യം നോക്കിയപ്പോ, ഇത്തിരി ഒന്ന് അന്ധാളിച്ചു. ഇവിടെ ഒരു സെഗ്മെന്റെഷന്‍ ഫോള്‍ട്ട് വരെ ഉണ്ടാവാം എന്നോരവസ്ഥയാ. അത്ഭുതം അവിടെ അല്ല...അത് സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. അല്ലാ പരിഭ്രമിക്കണ്ട...ചിലപ്പോ ദൈവാധീനം കൊണ്ട് എല്ലാം ഒഴിഞ്ഞു പോയെന്നും വരാം. ആട്ടെ ആരാ കോഡ് എഴുതിയത്?"
'ഒരു പുതിയ എമ്പ്ലോയീ ആണ് . പേര് ഗംഗ. മുകളിലത്തെ നിലയിലെ തെക്ക് ഭാഗത്ത്‌ ഉള്ള ക്യൂബിലാണ് ഇരിക്കുന്നത്..'
"അപ്പൊ ഞാന്‍ നിരീച്ച പോലെ തന്നെ ആണ് കാര്യങ്ങള്‍"
അപ്പോഴേക്കും സണ്ണി കോണ്‍ഫറന്‍സ് റൂമിലേക്ക്‌ കടന്നു വന്നു...
സണ്ണിയെ കണ്ടതും തിരുമേനിയുടെ മുഖത്ത് ആകെ ഒരു കണ്‍ഫ്യൂഷന്‍.
"എവിടെയോ കണ്ടു മറന്ന പോലെ തോന്നണുണ്ടല്ലോ. കഷ്ട്ടായി...എവിടെ വെച്ചാണെന്ന് മറന്നിരിക്കണൂ. എത്രായിട്ടും അങ്ങട് കിട്ടണില്ല്യ..."
'തിരുമേനി മറന്നു..നമ്മള്‍ തമ്മില്‍ അമേരിക്കയില്‍...'
"ഹയ്! സണ്ണി...ഹമ്പട കേമാ സണ്ണിക്കുട്ടാ. നീ എന്നെ പറ്റിച്ചൂട്ടോ...ഹയ് എന്താ കഥ. നിന്നെ നോം മറക്ക്യെ? ഇവിടെ വെച്ച് കാണുമെന്ന് സ്വപ്നേനെ നിരീചില്ല്യ. ആശ്ചര്യം എന്ന് പറഞ്ഞാ മതി...പഹയന്‍ തടിച്ചൂട്ടോ."
തിരുമേനി എന്റെ നേരെ വന്നിട്ട് ഒരൊറ്റ ചോദ്യമാണ് - "ഇവന്‍ ഇവിടെ ഉള്ളപ്പോ ജാവ കോഡിന്റെ കാര്യം പറഞ്ഞു എന്നെ വിളിക്കണമായിരുന്നോ?
ആളെ വേണ്ടത്ര പരിചയം ഇല്ലാന്ന് തോന്നണു...ലോക പ്രസിദ്ധനാ..തനി രാവണന്‍. 10 തലയാ ഇവന്. പ്രശസ്തനായ സോഫ്റ്റ്‌വെയര്‍ ആര്‍ക്കിടെക്റ്റ് ബ്രാഡ് ലി ഇവന്റെ പ്രൊഫസര്‍ ആയിരുന്നു. അദ്ദേഹം പണ്ട് പാരല്ലെല്‍ കമ്പ്യൂട്ടിങ്ങില്‍ ഒരു പേപ്പര്‍ അവതരിപ്പിക്കാനായി എന്നെ അമേരിക്കയിലേക്ക്‌ ക്ഷണിക്കുകയുണ്ടായി. അന്ന് ബ്രാട്ളിയുടെ ജൂനിയറായിരുന്നു ഇവന്‍. അറിയുമോ, ആധുനിക സോഫ്റ്റ്‌വെയര്‍ എന്ജിനിയരിങ്ങില്‍ ലോക പ്രസിദ്ധമായ 2 പ്രബന്ധങ്ങള്‍ ഇവന്റെയാ. ഈ നില്‍ക്കുന്ന രാവണന്റെ...ഏഭ്യന്‍."
സണ്ണി: തിരുമേനി, എനിക്ക് അങ്ങയോടു കുറച്ചു സംസാരിക്കാന്‍ ഉണ്ട്...
"അതിനെന്താ, നീ പറയൂ സണ്ണി."
സണ്ണി കോഡിന്റെ അവസ്ഥ വിശദമായി തിരുമേനിക്ക് വിവരിച്ചു കൊടുത്തു...
കേട്ട് കഴിഞ്ഞതും, തിരുമേനി ആകെ disturbed ആയി കാണപ്പെട്ടു..
"മെമ്മറി ലീക്കിന്റെ പല അവസ്ഥാന്തരങ്ങളും കേട്ടിട്ടുണ്ട്...പക്ഷെ ഇത്ര ഭയാനകമായ ഒരു വെര്‍ഷന്‍ ഇതാദ്യാ. ഇത്രേം മെമ്മറി ലീക്ക് ചെയ്യുന്ന കാര്യം CPU ഇന് അറിയുമോ?"
'ഇല്ല..CPU ഇന് ഒന്നും അറിയില്ല..ഇനി ഏതാനം മണിക്കൂറുകള്‍ മാത്രമേ ബാക്കി ഉള്ളു...അത് കഴിഞ്ഞു ഔട്ട്‌ ഓഫ് മെമ്മറി എറര്‍ കാണിച്ചു കോഡ് ക്രാഷ് ചെയ്യും...CPU പൊട്ടി തെറിക്കും.'
"എങ്കില്‍ തനിക്ക് കോഡ് റണ്‍ ചെയ്യുന്നത് നിര്‍ത്തിക്കൂടെ? CPU എങ്കിലും രക്ഷപെടട്ടെ."
'ഇല്ല തിരുമേനി. എനിക്കിനിയും മണിക്കൂറുകള്‍ ബാക്കി ഉണ്ട്.'
"അനുഭവ ജ്ഞാനം കൊണ്ടും, പിന്നെ തന്നോടുള്ള വാത്സല്യം കൊണ്ടും പറയാണ്...ഇതിനു പരിഹാരമില്ല്യ. ഇറ്റ്‌ ഈസ്‌ ഇന്ക്യൂറബിള്‍ ."
'സോഫ്റ്റ്‌വെയര്‍ എന്ജിനിയരിങ്ങിനെ തിരുമേനിയോളം അടുത്തറിഞ്ഞവരിലാണ് ഞാന്‍ എന്റെ ഗുരുക്കന്മാരെ കാണുന്നത്. പക്ഷെ എനിക്കിവിടെ നിങ്ങളെ ഒക്കെ നിഷേധിച്ചേ പറ്റൂ...ഞാന്‍ പഠിച്ചതിനെ ഒക്കെ നിഷേധിച്ചേ പറ്റൂ. ഒരു സോഫ്റ്റ്‌വെയര്‍ എന്ജിനിയറും സഞ്ചരിച്ചിട്ടില്ലാത്ത വഴികളില്‍ കൂടി ഒക്കെ ഞാന്‍ സഞ്ചരിചെന്നിരിക്കും...ഒരു ഭ്രാന്തനെ പോലെ. അയാം ഗോയിംഗ് ടു ബ്രേക്ക്‌ ഓള്‍ കണ്‍വന്‍ഷണല്‍ കോണ്‍സെപ്ത്സ് ഓഫ് സോഫ്റ്റ്‌വെയര്‍ എന്ജിനിയരിംഗ്.'
"കൊള്ളാം മോനെ, നിന്നെ ഞാന്‍ നിരുല്സാഹപ്പെടുത്തുന്നില്ല"
'വളരെ അപകടം പിടിച്ച ഒരു ഘട്ടത്തില്‍ നിന്നാണ് എനിക്ക് തുടങ്ങേണ്ടത്. ഇന്ന് COB ക്ക് മുന്നേ ഗംഗ മനസ്സിലാക്കണം അവള്‍ടെ കോഡ് ക്രാഷ് ചെയ്യുമെന്ന്. എനിക്കറിയാം..അതറിയുന്ന നിമിഷം ഗംഗ അതിജീവിക്കില്ല. മരണം സംഭവിക്കാം. പക്ഷെ ആ നിമിഷം ഗംഗ അതി ജീവിച്ചാല്‍, പ്രതീക്ഷയുടെ ഒരു നേര്‍ത്ത വഴി എനിക്ക് തുറന്നു കിട്ടും...ആ വഴിയിലൂടെ എനിക്ക് പോകാം...തിരുമേനി അനുഗ്രഹിക്കണം.'
തിരുമേനി മൌനമായ ഒരു പ്രാര്‍ഥനയില്‍ മുഴുകി.
സണ്ണിയും, തിരുമേനിയും, ഞാനും, മൊയലാളിയും എല്ലാം ഒരുമിച്ചു ഗംഗയുടെ ക്യൂബില്‍ എത്തി. ഗംഗ ബാഗ്‌ ഒക്കെ ആയി എങ്ങോട്ടോ പോവാന്‍ ഉള്ള തത്രപ്പാടിലായിരുന്നു.
സണ്ണി ധൈര്യം സംഭരിച്ചു ചോദിച്ചു...'ഗംഗ ഇപ്പൊ എവിടെ പോവുന്നു?'
"അത് കൊള്ളാം. ഞാന്‍ നേരത്തെ പറഞ്ഞതാണല്ലോ ഇന്ന് ഉച്ചക്ക് ഞാന്‍ ഓട്ടോ ആയിരിക്കുമെന്ന്."
'ഓട്ടോ ഓടിക്കാന്‍ പോവുവാണോ?'
"അതല്ല ..Out Of The Office (OOTO) ആയിരിക്കുമെന്ന്."
'ഗംഗ ഇപ്പൊ പോവണ്ട...'
"ങേ ഞാന്‍ പോവണ്ടേ? ഞാന്‍ നേരത്തെ പെര്‍മ്മിഷന്‍ മേടിച്ചതാണല്ലോ..പിന്നെന്തേ ഇപ്പൊ ഒരു മനം മാറ്റം?"
'ഗംഗ പോവണ്ട...'
"അതെന്താ ഞാന്‍ പോയാല്?"
'പോവണ്ട എന്നല്ലേ പറഞ്ഞത്'
അപ്പോഴേക്കും ഗംഗയുടെ മുഖ ഭാവം ആകെ മാറി. ദേഹത്ത് ബാധ കയറിയ പോലെ..
"വിടമാട്ടെ...വിടമാട്ടെ..അപ്പൊ നീ എന്നെ എങ്കയും പോക വിടമാട്ടെ? അയോഗ്യ നായെ...ഉനക്ക് എവളോ ധൈര്യമിരുന്നാല്‍, ഇപ്പോവും ഏന്‍ കണ്‍ മുന്നാടിയാ വന്ത് നില്‍പ്പേ?..ഇന്നേക്ക് ഹാല്ലോവീന്‍...ഉന്നെ കൊന്നു, ഉന്‍ രക്തത്തെ കുടിച്ചു ഓംകാര നടനമാടുവെന്‍..."
'ഗംഗേ ഗേ ഗേ' (സുരേഷ് ഗോഫി സ്റ്റൈലില്‍ സണ്ണി സ്ലോ മോഷനില്‍ അലറി)
'പോടാ നായെ' എന്നും പറഞ്ഞു ഗംഗ സണ്ണിയുടെ അടുത്തേക്ക് കുതിച്ചു...ഭയം പുറത്തു കാണിക്കാതെ, എന്തും നേരിടാന്‍ ഉള്ള ധൈര്യവുമായി സണ്ണി അവിടെ തന്നെ നിന്നു...തൊട്ടു പുറകില്‍ ഞാനും, തിരുമേനിയും, മറ്റുള്ളവരും...
എല്ലാവരെയും മുള്‍ മുനയില്‍ നിര്‍ത്തിയ നിമിഷങ്ങള്‍...സണ്ണിയെ ഗംഗ കൊല്ലുമോ? ഗംഗയെ സണ്ണി കൊല്ലുമോ?
പെട്ടെന്നാണ് ആ തിരിച്ചറിവ് എനിക്കുണ്ടായത്...ഗംഗ സണ്ണിയെ ലക്ഷ്യമാക്കിയല്ല വരുന്നത്...ഞാനോ തിരുമേനിയോ ആരോ ആണ് ലക്‌ഷ്യം...ഹെന്റമ്മോ എനിക്കെങ്ങാനും ഇനി ആ കാരണവരുടെ കട്ട്‌ ഉണ്ടോ?
അപ്പോഴേക്കും ഗംഗയുടെ പിടി എന്റെ കഴുത്തില്‍ വീണിരുന്നു...കഥയില്‍ ഇങ്ങനെ അല്ല കുട്ടി, കൈ വിട് കൈ വിട് എന്നൊക്കെ ഞാന്‍ ആവതും പറഞ്ഞു നോക്കി...ഹെവിടെ കേള്‍ക്കാന്‍...അവസാനം ജീവന്‍ പോകും എന്നായപ്പോള്‍ ഞാന്‍ ഗംഗയുടെ കഴുത്തിനു പിടിച്ചു...ഒന്ന് ഒന്നര പിടിത്തം ആയിരുന്നു...വേദന സഹിക്കാന്‍ വയ്യാതായപ്പോള്‍ ഗംഗ ഒറ്റ തൊഴി...ഞാന്‍ മൂക്കും കുത്തി നിലത്ത്.
എഴുന്നേറ്റു നോക്കിയപ്പോ ഗംഗ ഇല്ല...പകരം ഒരു ഗംഗന്‍...എന്റെ റൂം മേറ്റ്‌..
'എന്താടാ പട്ടി? മനുഷ്യനെ ഉറങ്ങാന്‍ സമ്മതിക്കൂല്ലേ? ശവം. നീ ഇപ്പൊ എന്നെ ഞെക്കി കൊന്നേനെ..'
"സോറി അളിയാ..ഐയാം ദി സോറി.."
'ഇറങ്ങി പോടാ ഇവിടുന്നു...'
ഞാന്‍ പതുക്കെ എഴുന്നേറ്റു വാരാന്തയില്‍ പോയി ഇരുന്നു. എന്റെ മനസ്സ് അപ്പോഴും disturbed ആയിരുന്നു...തലനാഴിയിരക്കല്ലേ രക്ഷപ്പെട്ടത്...ഓഫീസില്‍ 3 ദിവസം ആയി ഒരു പണ്ടാരം ഡീബഗ് ചെയ്തു എങ്ങും എത്താത്തതിന്റെ പ്രഷര്‍ ആവണം ഇപ്പൊ തെക്കിനിയിലെ തമിഴത്തിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടത്..പണ്ട് പഠിക്കുന്ന കാലത്ത് പ്രൊഫ്‌. മരണന്‍ ഇതുപോലെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടാരുണ്ടായിരുന്നു ..അല്ലേലും അറിയാന്‍ മേലാത്ത പണിക്കു പോയാല്‍ ഇങ്ങനെയാ...ഓഫീസിലും കാണില്ല മനസ്സമാധാനം...വീട്ടിലും കാണില്ല. പക്ഷെ അറിയാവുന്ന പണി വെല്ലോം ഒണ്ടോ..അതും ഇല്ല...പഠിച്ചത് എലെക്ട്രോനിക്സാ...പക്ഷെ കപ്പാസിറ്റര്‍ ഏതാ കപ്പലണ്ടി ഏതാ എന്ന് പോലും തിരിച്ചറിയാന്‍ ഉള്ള കഴിവില്ല..നാട്ടില്‍ പോയി വാഴക്കൃഷി ചെയ്യാം എന്നോര്‍ത്താല്‍ അതിനുള്ള ആരോഗ്യവും ഇല്ല..ഇനി ഇപ്പൊ ഒരു MBA പഠിച്ചു മാനേജര്‍ ആവാം എന്ന് വെച്ചാല്‍, ഓഫീസില്‍ ഉള്ള സകലമാന ആള്‍ക്കാരുടെയും തെറി കേള്‍ക്കേണ്ടി വരും...ഇപ്പോഴാവുമ്പോള്‍ ഒരു മാനേജരുടെ തെറി മാത്രം കേട്ടാല്‍ മതിയല്ലോ...അപ്പൊ പിന്നെ ഇങ്ങനെ ഒക്കെ അങ്ങ് തട്ടീം മുട്ടീം പോട്ടെ അല്ലെ...തെക്കിനിയിലെ നാഗവള്ളിയേം, വേണു നാഗവള്ളിയേം ഒക്കെ വരുന്നിടത്ത് വെച്ച് കാണാം.

1 comment:

  1. This mail was sent to me by an friend, ex roommate and an ex colleague of mine. Aa vidvante peru Deepu Mohanan ennanu :)

    ReplyDelete